2016 ഓഗസ്റ്റ് 24, ബുധനാഴ്‌ച

മൌനം

ജാതിയുടെയും
ഉടുപ്പിന്റെയും
സമയത്തിന്റെയും
കളങ്ങളില്‍
നിന്‍ മാനത്തെ
അളന്നുവെച്ചവര്‍,
വേദനയാല്‍ പുളഞ്ഞ് നീ
ആര്‍ത്തലയ്ക്കുമ്പോഴും
ചെറുഞെട്ടല്‍ പോലുമില്ലാതെ
സ്വയം തീര്‍ത്ത മതില്‍ക്കെട്ടിനകത്ത്
അളവുകളും അതിരുകളും
ചികയുകയായിരുന്നു.

2013 ഏപ്രിൽ 29, തിങ്കളാഴ്‌ച

കുറ്റം

പ്രണയമില്ലാതെയും
സമ്മതമില്ലാതെയും
പ്രാപിച്ചതായിരുന്നു
ആദ്യ കുറ്റം. 
പിന്നെപ്പിന്നെയത്
മുറയ്ക്ക് കിഴികള്‍
എത്തിക്കാത്തതായി മാറി

2013 ഏപ്രിൽ 11, വ്യാഴാഴ്‌ച

എന്റെ പ്രണയം

മോഹങ്ങളാല്‍ പൂത്തുലഞ്ഞതും,
സ്വപ്നങ്ങളാല്‍ തളിര്‍ത്തതും,
പ്രതീക്ഷകളാല്‍ പരിമളം പരത്തി-
യതുമാണെന്‍ പ്രണയം.
നിന്നിലെ ചില്ലയില്‍
കൂടുകെട്ടി ഞാനെന്‍
സ്വപ്നങ്ങളെ, മോഹങ്ങളെ,
പ്രതീക്ഷകളെ നിറച്ചെടുത്തു.

2012 നവംബർ 8, വ്യാഴാഴ്‌ച

മഴമുകുരങ്ങള്‍


ചിലപ്പോള്‍ ആര്‍ത്തലച്ചുകൊണ്ടിരിക്കും
ചില അധ്യാപകരെപ്പോലെ
ചോര്‍ന്നൊലിക്കുമ്പോള്‍
അടയാളം അവശേഷിപ്പിക്കാതെ...

മഴ
ഇങ്ങനെയുമാണ്,
പിറുപിറുത്ത്, നിര്‍വികാ‍രയായി
അസൈന്‍മെന്റ് വെക്കാനുള്ള
കുട്ടിയെപ്പോലെ.

2012 ഒക്‌ടോബർ 30, ചൊവ്വാഴ്ച

ഞാനും കവിതയും

വാക്കുകള്‍
മുറിവേല്‍പ്പിച്ചൊരിടത്തുനിന്നു
ഞാനെന്റെ
കവിതയെടുത്തുവന്നു.
കവിതയിലെ വാക്കുകളില്‍
ചോര പൊടിയുന്നുണ്ടായിരുന്നു.
ചോര മാത്രം കണ്ട്,
കവിതയെ കാണാതെ
പഴിച്ചു,
മാറ്റിനിര്‍ത്തിയപ്പോള്‍
കവിതയോടൊപ്പം
 ഞാനും
ശിരസ്സില്‍
കൈ ചേര്‍ക്കുകയായിരുന്നു.

2012 ഒക്‌ടോബർ 26, വെള്ളിയാഴ്‌ച

അവശേഷിച്ചവ...

റഞ്ഞു കഴിഞ്ഞതിനു ശേഷമാണ്
മിഴിച്ചിരിക്കുന്ന മുഖങ്ങളെ കണ്ടത്.
മുഖങ്ങളില്‍ വാക്കുകള്‍
പറ്റിപ്പിടിച്ചിരിക്കുന്നുണ്ടായിരുന്നു.

ദഹിക്കാതെയവശേഷിച്ച
വാക്കുകളെന്നെ നോക്കി
കൊഞ്ഞനം കുത്തി,
പിന്നെ,
പിറുപിറുത്തു.

2012 ഒക്‌ടോബർ 20, ശനിയാഴ്‌ച

ആരെന്ത് പറഞ്ഞാലും...

രുതെന്ന് പറഞ്ഞാലും
ആ വേദന അവനില്‍
നിറഞ്ഞുനില്‍ക്കും.

ഓര്‍മ്മകളില്ലെന്നു പറഞ്ഞാലും
അതവനെയെന്നും
അലട്ടിക്കൊണ്ടിരിക്കും.

സ്വന്തബന്ധങ്ങളില്ലെന്നു
പറഞ്ഞാലും
അതവനില്‍
ശൂന്യതയായവശേഷിക്കും.

അതുകൊണ്ടുതന്നെയാവാം
വഴിയരികില്‍
വണ്ടിതട്ടിക്കിടന്ന
അവളുടെ ജഡത്തിനവന്‍
കാവല്‍ നിന്നത്...!

ആരും തിരിഞ്ഞുനോക്കി-
ല്ലെന്നറിഞ്ഞിട്ടും
നിര്‍ത്താതെ
കുരച്ചുകൊണ്ടിരുന്നതും...!