കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016, ഓഗസ്റ്റ് 24, ബുധനാഴ്‌ച

മൌനം

ജാതിയുടെയും
ഉടുപ്പിന്റെയും
സമയത്തിന്റെയും
കളങ്ങളില്‍
നിന്‍ മാനത്തെ
അളന്നുവെച്ചവര്‍,
വേദനയാല്‍ പുളഞ്ഞ് നീ
ആര്‍ത്തലയ്ക്കുമ്പോഴും
ചെറുഞെട്ടല്‍ പോലുമില്ലാതെ
സ്വയം തീര്‍ത്ത മതില്‍ക്കെട്ടിനകത്ത്
അളവുകളും അതിരുകളും
ചികയുകയായിരുന്നു.

2013, ഏപ്രിൽ 29, തിങ്കളാഴ്‌ച

കുറ്റം

പ്രണയമില്ലാതെയും
സമ്മതമില്ലാതെയും
പ്രാപിച്ചതായിരുന്നു
ആദ്യ കുറ്റം. 
പിന്നെപ്പിന്നെയത്
മുറയ്ക്ക് കിഴികള്‍
എത്തിക്കാത്തതായി മാറി

2013, ഏപ്രിൽ 11, വ്യാഴാഴ്‌ച

എന്റെ പ്രണയം

മോഹങ്ങളാല്‍ പൂത്തുലഞ്ഞതും,
സ്വപ്നങ്ങളാല്‍ തളിര്‍ത്തതും,
പ്രതീക്ഷകളാല്‍ പരിമളം പരത്തി-
യതുമാണെന്‍ പ്രണയം.
നിന്നിലെ ചില്ലയില്‍
കൂടുകെട്ടി ഞാനെന്‍
സ്വപ്നങ്ങളെ, മോഹങ്ങളെ,
പ്രതീക്ഷകളെ നിറച്ചെടുത്തു.

2012, നവംബർ 8, വ്യാഴാഴ്‌ച

മഴമുകുരങ്ങള്‍


ചിലപ്പോള്‍ ആര്‍ത്തലച്ചുകൊണ്ടിരിക്കും
ചില അധ്യാപകരെപ്പോലെ
ചോര്‍ന്നൊലിക്കുമ്പോള്‍
അടയാളം അവശേഷിപ്പിക്കാതെ...

മഴ
ഇങ്ങനെയുമാണ്,
പിറുപിറുത്ത്, നിര്‍വികാ‍രയായി
അസൈന്‍മെന്റ് വെക്കാനുള്ള
കുട്ടിയെപ്പോലെ.

2012, ഒക്‌ടോബർ 26, വെള്ളിയാഴ്‌ച

അവശേഷിച്ചവ...

റഞ്ഞു കഴിഞ്ഞതിനു ശേഷമാണ്
മിഴിച്ചിരിക്കുന്ന മുഖങ്ങളെ കണ്ടത്.
മുഖങ്ങളില്‍ വാക്കുകള്‍
പറ്റിപ്പിടിച്ചിരിക്കുന്നുണ്ടായിരുന്നു.

ദഹിക്കാതെയവശേഷിച്ച
വാക്കുകളെന്നെ നോക്കി
കൊഞ്ഞനം കുത്തി,
പിന്നെ,
പിറുപിറുത്തു.

2012, ഒക്‌ടോബർ 20, ശനിയാഴ്‌ച

ആരെന്ത് പറഞ്ഞാലും...

രുതെന്ന് പറഞ്ഞാലും
ആ വേദന അവനില്‍
നിറഞ്ഞുനില്‍ക്കും.

ഓര്‍മ്മകളില്ലെന്നു പറഞ്ഞാലും
അതവനെയെന്നും
അലട്ടിക്കൊണ്ടിരിക്കും.

സ്വന്തബന്ധങ്ങളില്ലെന്നു
പറഞ്ഞാലും
അതവനില്‍
ശൂന്യതയായവശേഷിക്കും.

അതുകൊണ്ടുതന്നെയാവാം
വഴിയരികില്‍
വണ്ടിതട്ടിക്കിടന്ന
അവളുടെ ജഡത്തിനവന്‍
കാവല്‍ നിന്നത്...!

ആരും തിരിഞ്ഞുനോക്കി-
ല്ലെന്നറിഞ്ഞിട്ടും
നിര്‍ത്താതെ
കുരച്ചുകൊണ്ടിരുന്നതും...!

2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

വേദനകള്‍...

നസ്സുകൊണ്ടരമ്മതന്‍  മക്കളായ്
പുലരേണ്ടവര്‍ 
വേഷഭൂഷാദികള്‍  നോക്കി
പരസ്പരം ഉയിരെടുക്കുമ്പോള്‍,
മതജാതികളിലഭിമാനം പൂണ്ട്
മനഷ്യജാതിതന്നഭിമാനം
കാക്കാനാവാതെ
വാള്‍ത്തലയാല്‍ പൊലിയിച്ച,
കൈവിരലാല്‍  ചിതറിച്ച
ജീവിതങ്ങള്‍ക്കുമേല്‍ 
വിജയമാഘോഷിക്കുമ്പോള്‍
ഇവിടെയീ പാവമമ്മയെയും
വേദന വിഴുങ്ങുന്നു.

2012, മാർച്ച് 18, ഞായറാഴ്‌ച

സ്വപ്നങ്ങളില്‍ തീമഴ പെയ്യുന്നുണ്ട്

നസ്സിന്റെ തേങ്ങലായി
നീയെന്റെയുള്ളില്‍ വെന്ത് നീറുന്നു.
നിന്റെ ദയനീയമുഖമെന്നിലെ
സ്വപ്നങ്ങളെ കുത്തിനോവിക്കുന്നു.

നിന്നിലെ സ്നേഹത്തിനാഴം കാണാനാവാത്തവര്‍
നിന്നിലെ സൌന്ദര്യം ചൂഴ്ന്നെടുത്തവര്‍
ഒന്നെതിര്‍ക്കാന്‍ പോലുമാവാതെ
ആ മുഷ്ടിക്കുള്ളില്‍ കിടന്ന് നീ പിടയുമ്പോള്‍
നിന്നിലെ ചോരയും നീരും ഊറ്റിയെടുത്ത്
നിന്റെ സങ്കടക്കടലുകള്‍ക്ക് മുകളിലിരുന്ന്
അവര്‍ പുതിയ മാളികകള്‍ തീര്‍ത്ത്
നിന്നിലെ അസ്ഥിസഞ്ചയങ്ങള്‍ക്കായി കാത്തിരിക്കുന്നു.

സ്വപ്നമാവുന്നു, മോഹമാവുന്നു,
നീ വീണ്ടും തളിര്‍ക്കുന്നത് കാണുവാന്‍
നീ വീണ്ടും കുതിച്ചുപായുവാന്‍
നിന്നെയെന്നും സമൃദ്ധയായി കാണുവാന്‍
നിന്റെ സ്നേഹസാഗരം ഈ മണ്ണില്‍ പതിയുവാന്‍
ഞങ്ങളുടെ സ്വപ്നങ്ങളില്‍ പുതുജീവന്‍ പകരുവാന്‍...

2012, ഫെബ്രുവരി 27, തിങ്കളാഴ്‌ച

നീതി

സ്വപ്നങ്ങളില്‍ നിറഞ്ഞുണ്ട്
നീ കിടക്കവെ,
അകലെ ഒരുവന്‍
നിന്‍ ചതിയാല്‍
കഴുമരത്തിലാടുകയായിരുന്നു.

നിന്റെ മുഖം വീണ്ടും
വികൃതമായപ്പോള്‍
അകലെയെന്നോ വികൃതമായ മുഖം
ലോകമാകെ തുന്നിച്ചേര്‍ക്കുകയായിരുന്നു. 

2012, ജനുവരി 14, ശനിയാഴ്‌ച

നിന്റെ വരവ്

രുപ്പച്ചയായി മനസ്സിനെയുണര്‍ത്തി,
മഴയായെന്നെങ്കിലും പെയ്യുമെന്നു
കാത്തു ഞാന്‍ കഴിയവെ,
നിനച്ചിരിക്കാതെ കടന്നുവന്നു
നീ തട്ടിപ്പറിച്ചെടുത്തത്
എന്‍ സ്വപ്നങ്ങളെ, മോഹങ്ങളെ,
പ്രതീക്ഷകളെയായിരുന്നു,
അവ പകര്‍ന്നു നല്‍കിയ
ശീതളഛായയായിരുന്നു.

എന്നിലെ മോഹങ്ങളെ
വറ്റിവരളിച്ചതും,
എന്റെ സ്വപ്നങ്ങളില്‍
കരിനിഴല്‍ പടര്‍ത്തിയതും,
എന്റെ പ്രതീക്ഷകളുടെ
നൂലറ്റം പൊട്ടിച്ചെറിഞ്ഞതും
രംഗബോധമില്ലാത്ത
നിന്നാഗമനമായിരുന്നു.

താളനിബദ്ധമല്ലാത്ത
നിന്‍ ചുവടുകള്‍ക്കിടയില്‍പ്പെട്ട്
എന്‍ ജീവിതമിടറിയതും,
ഞെട്ടറ്റ പട്ടം കണക്കെ
പറന്നകന്നതും
കൂടെ നടന്നവരോടൊപ്പമായിരുന്നു.

2012, ജനുവരി 11, ബുധനാഴ്‌ച

ഓര്‍മ്മപ്പെടുത്തല്‍...

വിതയെ ഒന്ന്
ഓര്‍മ്മപ്പെടുത്തണം
ഒരിക്കല്‍ നീയെന്റെ
തോഴിയായിരുന്നെന്ന്.
മറന്നുപോയതായിട്ടായിരിക്കില്ല
തിരക്കായതുകൊണ്ടാവും
എനിക്കെന്റെ തോഴിയെ
നഷ്ടമായത്...
എങ്കിലും,
ഓര്‍മ്മപ്പെടുത്തട്ടെ ഞാന്‍
തിരക്കൊഴിയുമ്പോള്‍
എനിക്കായൊന്ന്
പുഞ്ചിരിക്കാന്‍
ആ സൌഹൃദശീതളഛായയില്‍
ഒന്നെന്നെ ചേര്‍ത്തുവെക്കാന്‍...

2011, ഒക്‌ടോബർ 2, ഞായറാഴ്‌ച

ഇവിടെ നിസ്സഹായയാക്കപ്പെടുന്നു.

സോദരുടെ നേരെ
നീയുയർത്താൻ മടിക്കാത്ത
നിൻ കഠാരയെ
ഞാൻ ഭയക്കുന്നു.
എൻ ശ്രദ്ധയെപ്പോഴും
നിൻ കൈചലനത്തിലായിരുന്നു.
അറിയില്ല, നിൻ കൈ
ഉയരുന്നതെപ്പോഴെന്ന്
മൂർച്ചയാം കഠാരയോടെ
നിൻ അയൽക്കാരനെ
നിർവികാരമായി
വെട്ടിനുറുക്കിയ നിന്നെ
ഞാൻ ഭയക്കുന്നു.
നിന്നിലെ പിശാചിനെ
ഭയക്കുന്നു.
നീ വാങ്ങിയുണ്ട ചോറുരുളകൾക്ക്
ബോംബുരുളകൾകൊണ്ട്
നന്ദി കാട്ടുമ്പോഴും
ഉറവ വറ്റാത്ത സ്നേഹവുമായി
നീയല്ലയതെന്ന്
സ്വയം വിശ്വസിപ്പിക്കുന്ന
താന്തയാം വൃദ്ധ
ഒറ്റുന്നില്ല നിന്നെ.
അവർ നിന്നെ
അത്രയോളം സ്നേഹിച്ചിരുന്നു,
നിന്നെ വിശ്വസിച്ചിരുന്നു.
ആ അമ്മതൻ ഗദ്ഗദം
ഉയർന്നു കേൾക്കവെ
അറിയുന്നു
ഇവിടെ സ്നേഹവും
നിസ്സഹായയാകുന്നു,
അതാരെയോ ഭയക്കുന്നു,
അതിനെയാരോ ഭരിക്കുന്നു.

2011, സെപ്റ്റംബർ 28, ബുധനാഴ്‌ച

നീ

ൻ മനസ്സിനേതോ കോണിൽ
നിന്നുയരും നിൻ ചിരി
എൻ മനസ്സിന്
കുളിരേകുന്നുവെങ്കിലും
എന്നെ ഭയപ്പെടുത്തുന്നു.
അതെന്നെ കീഴടക്കുന്നു.
രാഗലോലയായി താളനിബദ്ധമല്ലാതെ-
യെന്നരുകിൽ വന്നു നീ പാടിയ പാട്ടുകൾ
എൻ മനസ്സിലെ കനലുകളിൽ പെരുകുന്നു.
എങ്കിലും ഞാൻ കൊതിക്കുന്നു
താന്തയാം നിൻ ഗാനത്തിനായി.
ഞാനുതിർത്ത ഗാനവീചികൾക്ക്
ചുവടുകൾ പകരാനായി
നീ വരുമെന്ന് വെറുതെ കൊതിക്കുന്നു.
നിലയുറക്കാത്ത കാൽച്ചുവടുമായാണെങ്കിലും
അറിയാതെ നിന്നെ ഞാൻ വിളിക്കുന്നു.
ജീവിതപന്ഥാവിലേക്ക് കൂടെയെൻ തോഴിയായ്...

2011, സെപ്റ്റംബർ 20, ചൊവ്വാഴ്ച

ഞാൻ

ശാന്തിതൻ ദിനങ്ങളോരോന്നായി
കടന്നുപോകവെ
തികച്ചും അസ്പഷ്ടമായ സ്വരത്തിലുതിർന്ന
വാക്കുകളെന്നിൽ ഭ്രാന്ത് നിറയ്ക്കൂന്നു.
ദുഃഖാകുലമാം മനസ്സിൻ സ്ഫുരണങ്ങൾ
ഒരിക്കലുമെൻ മുഖത്തിൽ പതിയാതിരിക്കാൻ
ഞാൻ വൃഥാ ശ്രമിക്കുന്നു.
സംസാരാർണ്ണവത്തിൽ ദുഃഖമാം അലയിൽ-
പ്പെട്ട് ഞാൻ ഒഴുകിയൊഴുകിപ്പോവുന്നു.
നിലയുറയ്ക്കാത്ത കാൽച്ചുവടുമായി
ജീവിതപന്ഥാവിൽ വഴിയറിയാതെ
മിഴിച്ചുനിൽക്കുന്ന എനിക്ക്
സാന്ത്വനമായി നീ വന്നെങ്കിലെന്ന്
വെറുതെ നിനയ്ക്കുന്നു.
ദുഃഖങ്ങൾ മാത്രമെനിക്ക് കൂട്ടായി
അരികിലെത്തുമ്പോൾ
നിസ്സഹായനായി ഞാൻ കൈകൂപ്പുന്നു...




2011, സെപ്റ്റംബർ 6, ചൊവ്വാഴ്ച

ധരണി തന്‍ അശ്രു

രിതാഭ ചൊരിയുന്ന ധരണിതന്‍
മടിത്തട്ടില്‍ തലചായ്ക്കുവാന്‍
വെറുതെ കൊതിച്ചുഞാന്‍
നറുചിരിയുമായി,
വാത്സല്യമൂറുന്ന
ധരണിതന്‍ വദനം
ഞാന്‍ തിരഞ്ഞു.
ധൂസരവദനത്തില്‍
അശ്രുകണങ്ങള്‍
തുടക്കാന്‍ ഞാനായവെ
തുരുതുരായൊഴുകുന്നു
ധരണിതന്‍ അശ്രു.
ഒഴുകുന്ന അശ്രുവിനുമുന്നില്‍
നിസ്സഹായനായി നിന്നു
ധരണിതന്‍ അശ്രുവിനു നിദാന-
മെന്തെന്നു ചിന്തിച്ചു ഞാന്‍.
അറിഞ്ഞു ഞാന്‍,
വാത്സല്യമൂറുന്ന ധരണിതന്‍
അശ്രുവിനു
ഞാനുമാണല്ലോ നിദാനം.


2011, ജനുവരി 3, തിങ്കളാഴ്‌ച

നീ അറിയേണ്ടത്

നീ ഞെരിച്ച ജീവിതം
നിന്നെ പിന്തുടരുന്നുവോ
ഓര്‍ക്കുക നിന്‍ പ്രതികാരചിന്തകള്‍.
നിന്‍ കുറ്റങ്ങളൊരു
വര്‍ണ്ണക്കടലാസിലാക്കി
പൊതിഞ്ഞെടുക്കുന്ന നീ
അറിയുന്നുവോ
അതിന്‍ വര്‍ണ്ണവും മങ്ങുന്നത്
അത് നിന്നില്‍ പടരുന്നതും.
കൊള്ളരുതാത്തവനാക്കി മാറ്റി
നീ പടിയിറക്കുമ്പോഴും
നിന്നില്‍ ധാര്‍ഷ്ട്യത്തിന്‍
പത നുരയുമ്പോഴും
അറിഞ്ഞുവോ?
നിന്‍ സ്വത്വം അലയുന്നത്
മറ്റൊന്നിനെ മുറിപ്പെടുത്തുന്നത്
നീ മാതൃകയായി മാറുന്ന
പുതുസമൂഹത്തിനു മുമ്പില്‍
അഭിമാനമെന്ന് നടിച്ച്
അഹങ്കാരമണിയുന്ന നീ
അറിയുക നീയൊന്നുമല്ലെന്ന്.

2010, നവംബർ 28, ഞായറാഴ്‌ച

തുടക്കം=ഒടുക്കം

ശബ്ദം വിഴുങ്ങിയ
വാക്കുകളവളുടെ
മനസ്സ് പങ്കുവെച്ചു.
അത് തുടക്കമായിരുന്നു.
പിന്നെ,
ശബ്ദം നേര്‍ത്തുനേര്‍ത്തുവന്നു.
ഒടുവില്‍,
ശബ്ദം അവളില്‍ നിന്നകന്നു.
അവിടെ,
പുതിയ ജീവിതരീതിയുടെ
തുടക്കമായിരുന്നു.

2010, ജൂൺ 23, ബുധനാഴ്‌ച

കരയുന്നത്...

തുഞ്ചന്റെ മണ്ണില്‍ നറുഭാഷതന്‍
ആദിമന്ത്രം കുറിക്കവെ
അവന്‍ കരഞ്ഞത്
താന്‍ കുറിച്ച ഭാഷതന്‍ സ്പന്ദനം
മന്ദമാവുന്നതോര്‍ത്തോ,
അപമാനിതനാവുന്നതിലെ
പ്രതിഷേധമായോ?

2010, ജൂൺ 16, ബുധനാഴ്‌ച

തെളിവുകളുടെ കനം

തെളിവുകളുടെ കനമെന്നും
അവസാനതീരുമാനത്തിനു്
ആവശ്യമാ‍യിരുന്നു.
അതുകൊണ്ട് തന്നെയാവാം
തെളിവില്ലാത്തവര്‍
അവര്‍ക്കന്യരായതും.
അവരറിഞ്ഞില്ല,
ജനമകന്നതും,
അവരുടെ വിശ്വാസമകന്നതും.

2010, ജൂൺ 12, ശനിയാഴ്‌ച

ഇവിടെ ഇവരും ജീവിക്കുന്നു

വൈദ്യുതിവെളിച്ചത്തില്‍
നിന്നല്പമകന്നു്
ഇരുട്ടിന്‍ നിഴലില്‍
ദാഹം തീര്‍ക്കാനെത്തുന്നവരെ
കാത്തിരിക്കുന്നവര്‍,
ഇവരിരുട്ടിന്റെ കൂട്ടുകാര്‍,
വെളിച്ചം പുച്ഛത്തോടെ
നോക്കുന്നവര്‍,
ഇരുട്ടില്‍ വാഴ്ത്തപ്പെട്ടവര്‍,
പകലനാഥരെങ്കിലും
ഇരുട്ടില്‍ സനാഥരാകുന്നവര്‍,
രാത്രിതന്‍ ലോകം
അവര്‍ക്ക് സിന്ദൂരമണിയാന്‍
മത്സരിക്കെ, അവരോര്‍ത്തില്ല,
ഇരുളിലെ വെളുത്തമുഖങ്ങള്‍
പകലിവരെ
കറുത്ത മുഖത്തോടെ നോക്കുമെന്നു്
പുച്ഛത്തിന്‍ ഹാരം ചാര്‍ത്തുമെന്നു്...