2011 ഒക്‌ടോബർ 2, ഞായറാഴ്‌ച

ഇവിടെ നിസ്സഹായയാക്കപ്പെടുന്നു.

സോദരുടെ നേരെ
നീയുയർത്താൻ മടിക്കാത്ത
നിൻ കഠാരയെ
ഞാൻ ഭയക്കുന്നു.
എൻ ശ്രദ്ധയെപ്പോഴും
നിൻ കൈചലനത്തിലായിരുന്നു.
അറിയില്ല, നിൻ കൈ
ഉയരുന്നതെപ്പോഴെന്ന്
മൂർച്ചയാം കഠാരയോടെ
നിൻ അയൽക്കാരനെ
നിർവികാരമായി
വെട്ടിനുറുക്കിയ നിന്നെ
ഞാൻ ഭയക്കുന്നു.
നിന്നിലെ പിശാചിനെ
ഭയക്കുന്നു.
നീ വാങ്ങിയുണ്ട ചോറുരുളകൾക്ക്
ബോംബുരുളകൾകൊണ്ട്
നന്ദി കാട്ടുമ്പോഴും
ഉറവ വറ്റാത്ത സ്നേഹവുമായി
നീയല്ലയതെന്ന്
സ്വയം വിശ്വസിപ്പിക്കുന്ന
താന്തയാം വൃദ്ധ
ഒറ്റുന്നില്ല നിന്നെ.
അവർ നിന്നെ
അത്രയോളം സ്നേഹിച്ചിരുന്നു,
നിന്നെ വിശ്വസിച്ചിരുന്നു.
ആ അമ്മതൻ ഗദ്ഗദം
ഉയർന്നു കേൾക്കവെ
അറിയുന്നു
ഇവിടെ സ്നേഹവും
നിസ്സഹായയാകുന്നു,
അതാരെയോ ഭയക്കുന്നു,
അതിനെയാരോ ഭരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: