2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

വേദനകള്‍...

നസ്സുകൊണ്ടരമ്മതന്‍  മക്കളായ്
പുലരേണ്ടവര്‍ 
വേഷഭൂഷാദികള്‍  നോക്കി
പരസ്പരം ഉയിരെടുക്കുമ്പോള്‍,
മതജാതികളിലഭിമാനം പൂണ്ട്
മനഷ്യജാതിതന്നഭിമാനം
കാക്കാനാവാതെ
വാള്‍ത്തലയാല്‍ പൊലിയിച്ച,
കൈവിരലാല്‍  ചിതറിച്ച
ജീവിതങ്ങള്‍ക്കുമേല്‍ 
വിജയമാഘോഷിക്കുമ്പോള്‍
ഇവിടെയീ പാവമമ്മയെയും
വേദന വിഴുങ്ങുന്നു.

2012, സെപ്റ്റംബർ 27, വ്യാഴാഴ്‌ച

നനവുള്ള കലഹങ്ങള്‍

കണ്ണുനീരാല്‍
കഴുകിക്കളയാനാവുന്ന 
മുറിവുകള്‍ മാത്രമേ 
സ്നേഹത്തിനു 
സൃഷ്ടിക്കാനാവാറുള്ളൂ 
അതുകൊണ്ടുതന്നെയാണ് 
നമുക്കിപ്പോഴും 
ഉള്ളു തുറന്നു 
കലഹിക്കാനാവുന്നത് 
സ്നേഹത്തിന്റെ 
നനവുള്ള കലഹങ്ങള്‍

2012, ഓഗസ്റ്റ് 13, തിങ്കളാഴ്‌ച

വാക്ക്

ചില വാക്കുകള്‍ക്ക്
വല്ലാത്ത മൂര്‍ച്ചയാണ്
അതാകെ ചെത്തിക്കളയും.

മറ്റ് ചില വാക്കുകള്‍ 
ഉള്ളിലേക്ക് ചെന്നിടക്കിടെ 
നോവിച്ചുകൊണ്ടേയിരിക്കും.

ചില വാക്കുകളാവട്ടെ
ഏത് മുറിവിനേയും തഴുകി
വേദനകളെ ഒപ്പിയെടുക്കും.

ഈ വാക്കുകള്‌ക്കിടയിലെ-
വിടെയോ ആണ് 
നാം കണ്ടുമുട്ടാറുള്ളത്.

2012, മാർച്ച് 18, ഞായറാഴ്‌ച

സ്വപ്നങ്ങളില്‍ തീമഴ പെയ്യുന്നുണ്ട്

നസ്സിന്റെ തേങ്ങലായി
നീയെന്റെയുള്ളില്‍ വെന്ത് നീറുന്നു.
നിന്റെ ദയനീയമുഖമെന്നിലെ
സ്വപ്നങ്ങളെ കുത്തിനോവിക്കുന്നു.

നിന്നിലെ സ്നേഹത്തിനാഴം കാണാനാവാത്തവര്‍
നിന്നിലെ സൌന്ദര്യം ചൂഴ്ന്നെടുത്തവര്‍
ഒന്നെതിര്‍ക്കാന്‍ പോലുമാവാതെ
ആ മുഷ്ടിക്കുള്ളില്‍ കിടന്ന് നീ പിടയുമ്പോള്‍
നിന്നിലെ ചോരയും നീരും ഊറ്റിയെടുത്ത്
നിന്റെ സങ്കടക്കടലുകള്‍ക്ക് മുകളിലിരുന്ന്
അവര്‍ പുതിയ മാളികകള്‍ തീര്‍ത്ത്
നിന്നിലെ അസ്ഥിസഞ്ചയങ്ങള്‍ക്കായി കാത്തിരിക്കുന്നു.

സ്വപ്നമാവുന്നു, മോഹമാവുന്നു,
നീ വീണ്ടും തളിര്‍ക്കുന്നത് കാണുവാന്‍
നീ വീണ്ടും കുതിച്ചുപായുവാന്‍
നിന്നെയെന്നും സമൃദ്ധയായി കാണുവാന്‍
നിന്റെ സ്നേഹസാഗരം ഈ മണ്ണില്‍ പതിയുവാന്‍
ഞങ്ങളുടെ സ്വപ്നങ്ങളില്‍ പുതുജീവന്‍ പകരുവാന്‍...

2012, ഫെബ്രുവരി 27, തിങ്കളാഴ്‌ച

നീതി

സ്വപ്നങ്ങളില്‍ നിറഞ്ഞുണ്ട്
നീ കിടക്കവെ,
അകലെ ഒരുവന്‍
നിന്‍ ചതിയാല്‍
കഴുമരത്തിലാടുകയായിരുന്നു.

നിന്റെ മുഖം വീണ്ടും
വികൃതമായപ്പോള്‍
അകലെയെന്നോ വികൃതമായ മുഖം
ലോകമാകെ തുന്നിച്ചേര്‍ക്കുകയായിരുന്നു. 

2012, ജനുവരി 14, ശനിയാഴ്‌ച

നിന്റെ വരവ്

രുപ്പച്ചയായി മനസ്സിനെയുണര്‍ത്തി,
മഴയായെന്നെങ്കിലും പെയ്യുമെന്നു
കാത്തു ഞാന്‍ കഴിയവെ,
നിനച്ചിരിക്കാതെ കടന്നുവന്നു
നീ തട്ടിപ്പറിച്ചെടുത്തത്
എന്‍ സ്വപ്നങ്ങളെ, മോഹങ്ങളെ,
പ്രതീക്ഷകളെയായിരുന്നു,
അവ പകര്‍ന്നു നല്‍കിയ
ശീതളഛായയായിരുന്നു.

എന്നിലെ മോഹങ്ങളെ
വറ്റിവരളിച്ചതും,
എന്റെ സ്വപ്നങ്ങളില്‍
കരിനിഴല്‍ പടര്‍ത്തിയതും,
എന്റെ പ്രതീക്ഷകളുടെ
നൂലറ്റം പൊട്ടിച്ചെറിഞ്ഞതും
രംഗബോധമില്ലാത്ത
നിന്നാഗമനമായിരുന്നു.

താളനിബദ്ധമല്ലാത്ത
നിന്‍ ചുവടുകള്‍ക്കിടയില്‍പ്പെട്ട്
എന്‍ ജീവിതമിടറിയതും,
ഞെട്ടറ്റ പട്ടം കണക്കെ
പറന്നകന്നതും
കൂടെ നടന്നവരോടൊപ്പമായിരുന്നു.

2012, ജനുവരി 11, ബുധനാഴ്‌ച

ഓര്‍മ്മപ്പെടുത്തല്‍...

വിതയെ ഒന്ന്
ഓര്‍മ്മപ്പെടുത്തണം
ഒരിക്കല്‍ നീയെന്റെ
തോഴിയായിരുന്നെന്ന്.
മറന്നുപോയതായിട്ടായിരിക്കില്ല
തിരക്കായതുകൊണ്ടാവും
എനിക്കെന്റെ തോഴിയെ
നഷ്ടമായത്...
എങ്കിലും,
ഓര്‍മ്മപ്പെടുത്തട്ടെ ഞാന്‍
തിരക്കൊഴിയുമ്പോള്‍
എനിക്കായൊന്ന്
പുഞ്ചിരിക്കാന്‍
ആ സൌഹൃദശീതളഛായയില്‍
ഒന്നെന്നെ ചേര്‍ത്തുവെക്കാന്‍...